തിരുവനന്തപുരം : വിവിധ സ്ഥലങ്ങളിൽനിന്നു ചന്ദനം മുറിച്ചുകടത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. സംഘത്തിലെ പ്രധാനിയായ പേയാട് സ്വദേശി ജോൺ, മുട്ടത്തറ സ്വദേശികളായ വിജയകുമാർ, ഹരി എന്നിവരെയാണ് മ്യൂസിയം പോലീസ് പിടികൂടിയത്.
നാലിടങ്ങളിൽ നടന്ന ചന്ദനമോഷണ കേസുകളിൽ പ്രതിയാണ് ജോണെന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്കുമുൻപ് വഴുതയ്ക്കാട് ഭാഗത്തുനിന്ന് ചന്ദനം മുറിച്ചുകടത്തിയതും പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു സമീപത്തെ ചന്ദനമരം കടത്തിയതും ഇയാളാണ്.
വഞ്ചിയൂർ കോടതിവളപ്പിലെ ചന്ദനമരം മുറിച്ചതുൾപ്പെടെയുള്ള മോഷണം ഇയാളും കൂട്ടാളികളുമാണോ നടത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി വിജയകുമാറിനെതിരേയും മുൻപ് ചന്ദനം കടത്തിയതിന് കേസുണ്ട്.
മോഷണത്തിനുപയോഗിച്ച ആയുധങ്ങളടക്കം ഇവരിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. വിവിധ ജില്ലകളിൽ വില്പന നടത്തിയതിനാൽ മോഷ്ടിച്ച ചന്ദനം കണ്ടെത്താനായിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.