വിളവൂർക്കൽ : വാടകവീടിന്റെ മുന്നിൽ കാർ നിർത്തിയതിനെ ചൊല്ലി വീടിന്റെ ഇരുനിലയിലെയും വാടകക്കാർ തമ്മിലുണ്ടായ വഴക്കിൽ വാഹനത്തിനു തീയിട്ടു.വിളവൂർക്കൽ പഞ്ചായത്തിനു സമീപം കാവിൻപുറം ലേഖാനിവാസിലെ വാടകക്കാർ തമ്മിലാണ് ഞായറാഴ്ച വൈകീട്ട് സംഘർഷമുണ്ടായത്.
വീടിന്റെ താഴത്തെ നിലയിലെ താമസക്കാരനായ മഹേഷ്‌കുമാറിന്റെ ബന്ധുവാണ് വൈകീട്ട് വീടിനു മുന്നിൽ കാർ നിർത്തിയത്. ഇതിനെ മുകളിലെ നിലയിൽ താമസിക്കുന്ന അരവിന്ദും അയാളുടെ അമ്മാവൻ മണികണ്ഠനും ഇവരുടെ സുഹൃത്തും ചേർന്ന് ചോദ്യം ചെയ്തു.
പിന്നീടിവർ ചേർന്ന് കാർ അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തെന്ന് മഹേഷ് മലയിൻകീഴ് പോലീസിനോടു പറഞ്ഞു. കാർ പാർക്ക് ചെയ്യുന്നതിനിടയിൽ വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട് എത്തിയ അരവിന്ദ് അസഭ്യം പറയുകയും മഹേഷ് പുറത്തിറങ്ങി കാർ മാറ്റിയിടാൻ തുടങ്ങുമ്പോൾ സംഘം ചേർന്ന് മർദിച്ചെന്നും മഹേഷ് പോലീസിനു പരാതി നൽകി. പരാതി നൽകി തിരിച്ചെത്തിയപ്പോഴാണ് കാർ അടിച്ചുതകർക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. മലയിൻകീഴ് പോലീസ് കേസെടുത്തു.