മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സംസ്ഥാനതല വാക്സിനേഷൻ പരിപാടിയ്ക്ക് തുടക്കം

ei83K4984890

അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം5.0 യുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആസാം സ്വദേശിനി മഹിയ എന്ന ബാലികയ്ക്ക് പോളിയോ വാക്സിൻ നൽകിയാണ് മന്ത്രി യജ്ഞത്തിന് തുടക്കമിട്ടത് . വാക്സിനേഷനിലൂടെ മറികടക്കാമായിരുന്ന മീസിൽസ് പോലെയുള്ള പകർച്ചവ്യാധികൾ സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ജനപ്രതിനിധികളുടെ സഹകരണത്തോടെ നിയന്ത്രിച്ചതായി മന്ത്രി പറഞ്ഞു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ തുടർന്ന് മറ്റ് രോഗങ്ങൾക്കുള്ള വാക്സിനേഷന്റെ അളവിൽ കുറവുവന്നു. ഇത് മറികടക്കാനാണ് മിഷൻ ഇന്ദ്രധനുഷ് നടപ്പാക്കുന്നത്. ഒട്ടേറെ പകർച്ച വ്യാധികളെ നിർമാർജനം ചെയ്യുകയും ആരോഗ്യരംഗത്ത് ദീർഘവീക്ഷണമുള്ള നയങ്ങൾ സ്വീകരിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. വാക്സിനേഷന്റെ കാര്യത്തിൽ സംസ്ഥാനത്തിന് പിന്നോട്ടു പോകാനാകില്ല. വാക്സിന്‍ എടുക്കാൻ വിട്ടു പോയ അഞ്ചുവയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിക്കണമെന്നും എല്ലാവരും ഇതുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിനായി വാക്സിനേഷന്‍ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെല്ലാം ആവശ്യാനുസരണം വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വാക്സിനേഷനാവശ്യമായ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എന്‍മാരാണ് വാക്സിന്‍ നല്‍കുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകരുടെ ഏകോപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും രണ്ടുവയസ് വരെയുളള 61,752 കുട്ടികളെയും രണ്ടുമുതല്‍ അഞ്ചുവയസ് വരെയുളള 54,837 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്.സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുമാണ് വാക്സിനേഷന്‍ നല്‍കുന്നത്. കൂടാതെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായത്തോടെ വാക്സിനേഷന്‍ നല്‍കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

മൂന്നുഘട്ടങ്ങളായാണ് വാക്സിനേഷൻ നടപ്പിലാക്കുന്നത്. ആഗസ്റ്റ് ഏഴു മുതല്‍12 വരെയാണ് ഒന്നാംഘട്ട വാക്സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര്‍11 മുതല്‍16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍14 വരെയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്.രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു മണി വരെയാണ് സമയക്രമം.

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ പി.ജമീല ശ്രീധരൻ അധ്യക്ഷയായ ചടങ്ങിൽ നാഷണൽ ഹെൽത്ത് മിഷൻ സ്‌റ്റേറ്റ് ഡയറക്ടർ കെ. ജീവൻ ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular