തിരുവനന്തപുരം: നഗരത്തിലെ ആഡംബര ഹോട്ടലിൽ ദമ്പതികളെ തൂങ്ങിമരിച്ചതിനു പിന്നാലെ ‘മകളെ ഉപദ്രവിക്കരുതെന്ന്’ അഭ്യർഥിച്ച് എഴുതിയ കുറിപ്പു കണ്ടെടുത്തു.ജനുവരിയിൽ ഏകമകൾ ഉത്തരയുടെ വിവാഹച്ചടങ്ങ് നടന്നതും ഇതേ ഹോട്ടലിലായിരുന്നു.
സുഗതൻ ഏറെക്കാലം മസ്കത്തിലായിരുന്നു. മടങ്ങിയെത്തിയ ശേഷം ചെന്നൈയിൽ സ്പെയർ പാർട്‌സ് വ്യാപാരം നടത്തിയിരുന്നു. വലിയ ആസ്തിയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മലയിൻകീഴ് കരിപ്പുർ നക്ഷത്ര ഗാർഡൻസിൽ താമസിച്ചിരുന്ന ഇവർ ജനുവരിയിലാണ് ആ വീടു വിറ്റത്. 2021ൽ വാങ്ങിയതിനെ അപേക്ഷിച്ച് വലിയ നഷ്ടം സഹിച്ചായിരുന്നു വിൽപന. തുടർന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയിൽ വീട് വാങ്ങി.
പത്തു ദിവസമായി ഹോട്ടലിൽ താമസിച്ചിരുന്ന ദമ്പതികളെ മുറിയിൽ ഒറ്റ ഷാളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പടിഞ്ഞാറേക്കോട്ടയിൽ താമസിക്കുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശി സുഗതൻ (71), ഭാര്യ സുനില (70) എന്നിവരാണു മരിച്ചത്. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26നു മകൾക്കൊപ്പം എത്തിയാണു മുറിയെടുത്തത്.
ഉച്ചതിരിഞ്ഞു ഹോട്ടൽ ജീവനക്കാർ വൃത്തിയാക്കാനെത്തിയപ്പോൾ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതിൽ തുറന്നപ്പോഴാണ്, വസ്ത്രങ്ങൾ ഇടുന്ന സ്റ്റാൻഡിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തു.