വിഴിഞ്ഞം: പാച്ചല്ലൂർ ഭദ്രകാളി ദേവീ ക്ഷേത്രത്തിന് മുന്നിലുണ്ടായ അപകടത്തിൽ മരിച്ച അർജുന്റെ ഹൃദയ വാൽവിലൂടെ പിഞ്ചുകുഞ്ഞിന്റെ ഹൃദയമിടിക്കും.
ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ച കാക്കാമൂല ടി.എം സദനത്തിൽ അനിചന്ദ്രന്റെയും ശ്രീകുമാരിയുടെയും മകൻ അർജുന്റെ (21) ഹൃദയ വാൽവുകളാണ് ദാനം ചെയ്‌തത്.
ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള നാലുമാസം പ്രായമുള്ള കുഞ്ഞിനാണ് വാൽവ് ദാനം ചെയ്‌തതെന്ന് അർജുന്റെ ബന്ധുക്കൾ പറഞ്ഞു. മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് നിറുത്തിയിട്ടിരുന്ന ലോറിയിലിടിച്ചായിരുന്നു അപകടം.
സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ച അർജുന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഡോക്ടർമാർ അവയവ ദാനത്തെക്കുറിച്ച് ബന്ധുക്കളോട് ചോദിച്ചത്. വിവരം മാതാപിതാക്കളെ അറിയിച്ചശേഷം അവരുടെ സമ്മതപ്രകാരമാണ് ദാനം നടത്തിയത്.