തൊഴിൽ തട്ടിപ്പുകൾക്കെതിരെ സ്ത്രീകൾ ജാഗ്രത പുലർത്തണം: വനിത കമ്മിഷൻ

IMG_20230913_223543_(1200_x_628_pixel)

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തുന്ന തൊഴിൽ തട്ടിപ്പുകളുടെ ചതിക്കുഴികൾക്കെതിരെ സ്ത്രീകൾ ജാഗ്രത പുലർത്തണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

തിരുവനന്തപുരം ജവഹർ ബാലഭവനിൽ നടത്തിയ അദാലത്തിന്റെ രണ്ടാം ദിവസത്തെ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ.

തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ സ്ത്രീകൾ തന്നെ ശ്രമിക്കണം. തൊഴിൽ തട്ടിപ്പുകൾ പ്രധാനമായും നടക്കുന്നത് സ്ത്രീകളെ ലക്ഷ്യമിട്ടാണ്.

തൊഴിൽ വാഗ്ദാനങ്ങൾ ലഭിക്കുമ്പോൾ കൃത്യമായി കാര്യങ്ങൾ മനസിലാക്കണം. തെറ്റായ തൊഴിൽ വാഗ്ദാനങ്ങളിൽ അകപ്പെട്ട് വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ചതിക്കപ്പെടുന്നത് ഒഴിവാക്കുന്നതിന് ജാഗ്രത പുലർത്തണം.

ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന തൊഴിൽ വാഗ്ദാനങ്ങൾ വിശ്വസിച്ച് പരിചയം ഒന്നും ഇല്ലാത്ത ആളുടെ പിന്നാലെ പോയി ചതിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള തട്ടിപ്പുകളെ ഗൗരവത്തോടെയാണ് കമ്മിഷൻ കാണുന്നത്. വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഉൾപ്പെടെ ഇത്തരം ചതിക്കുഴികളിൽ പെടുന്നുണ്ട്. ഇങ്ങനെ ചതിക്കപ്പെട്ട ശേഷം തെളിയിക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ട്. സിനിമ – സീരിയൽ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത ശേഷം തൊഴിൽ നൽകാതെ പണം തട്ടിയെന്ന പരാതിയും സിറ്റിംഗിൽ പരിഗണനയ്ക്കു വന്നു. അസംഘടിത തൊഴിൽ മേഖലയിൽ ഗൗരവമായ പ്രശ്നങ്ങളുണ്ട്. തൊഴിൽ സുരക്ഷ എന്നത് അസംഘടിത മേഖലയിൽ ഇല്ലെന്നും കമ്മിഷൻ വിലയിരുത്തി.

പണത്തോടുള്ള ആർത്തി വർധിക്കുന്ന രീതിയിൽ സമൂഹം മാറുന്ന സ്ഥിതിയുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിവാഹത്തോട് അനുബന്ധിച്ച് ആഭരണവും പണവും നൽകുന്നതോടൊപ്പം ഭൂസ്വത്തുക്കൾ ഉൾപ്പെടെ വരന്റെ പേരിൽ നൽകുന്ന സ്ഥിതിയുണ്ട്.

വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രശ്നങ്ങൾ ആരംഭിക്കും. വിവാഹ സമ്മാനമായി നൽകിയവ മതിയായ തെളിവില്ലാത്തതിനാൽ പരാതി നൽകിയാലും തിരികെ ലഭിക്കാത്ത സാഹചര്യമുണ്ട്.

സങ്കീർണമായ കുടുംബ പശ്ചാത്തലം രൂപപ്പെട്ടു വരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമുണ്ട്. വിവാഹത്തോടെ മാതാപിതാക്കളെ ഒഴിവാക്കുന്ന പ്രവണതയും ഉണ്ട്. ഒറ്റ മകൻ വിവാഹ ശേഷം അമ്മയെ ഒഴിവാക്കി ഭാര്യയ്ക്കൊപ്പം ജീവിക്കുന്നു എന്ന പരാതിയും കമ്മിഷന്റെ പരിഗണനയ്ക്കു വന്നു. തിരുവനന്തപുരം റൂറൽ മേഖലയിൽ നിന്നുള്ള പരാതികളാണ് അദാലത്തിന്റെ രണ്ടാം ദിവസം പരിഗണിച്ചത്.

കേരളത്തിൽ ഏറ്റവും കൂടുതൽ പരാതികൾ കമ്മിഷനു ലഭിക്കുന്നത് തിരുവനന്തപുരം റൂറൽ മേഖലയിൽ നിന്നാണ്. അദാലത്തിന് എത്തിയതിൽ കൂടുതലും കുടുംബ പ്രശ്നങ്ങളാണ്. ഭാര്യ, ഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നങ്ങൾ വളരെ സങ്കീർണമായി മാറുകയാണെന്നും കമ്മിഷൻ വിലയിരുത്തി.

അദാലത്തിന്റെ രണ്ടാം ദിവസം 250 കേസുകൾ പരിഗണിച്ചു. ഇതിൽ 25 എണ്ണം തീർപ്പാക്കി. ഏഴെണ്ണം റിപ്പോർട്ടിനായും ഒരെണ്ണം കൗൺസിലിംഗിനായും അയച്ചു. ബാക്കി പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

മെമ്പർമാരായ അഡ്വ ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ പരാതികൾ തീർപ്പാക്കി. ഡയറക്ടർ ഷാജി സുഗുണൻ, സിഐ ജോസ് കുര്യൻ, എസ് ഐ അനിത റാണി, അഡ്വക്കറ്റുമാരായ രജിതാ റാണി, അഥീന, അശ്വതി, സിന്ധു, സൂര്യ, കൗൺസിലർ രേഷ്മ തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!