തിരുവനന്തപുരം : ഞായറാഴ്ച കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കോവളം – ചാക്ക ബൈപ്പാസ് റോഡിലെ പടിഞ്ഞാറുവശം പാതയിൽ വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണിവരെ ഗതാഗതം അനുവദിക്കുന്നതല്ല. കോവളം ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കോവളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക – കോവളം ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. ചാക്ക – കോവളം റോഡിൽ കിഴക്കു വശം പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം.
വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്നും മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും തിരുവനന്തപുരം സിറ്റി പോലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും 9497930055, 9497990005 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കാം.