തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എസ് എ ടി ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം നടന്നു.
കടകംപള്ളി സുരേന്ദ്രൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന അൻപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് സി ഡി സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്.
എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു, പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ എസ് ലക്ഷ്മി, ഡോ കെ എൻ ഹരികൃഷ്ണൻ, കാർഡിയാക് തൊറാസിക് സർജറി വിഭാഗം പ്രൊഫസർ ഡോ സി വി വിനു എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ഹൃദ്രോഗ ബാധിതർക്ക് ജീവൻ നിലനിർത്താൻ നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് പരിശീലനവും നൽകി. രക്ഷിതാക്കളും ആശുപത്രി ജീവനക്കാരുമടക്കം 123 പേർ പരിശീലന പരിപാടിയിൽ പങ്കു കൊണ്ടു.
വെള്ളി രാവിലെ ആറിന് മ്യൂസിയം അങ്കണത്തിൽ, ഹൃദയസംരക്ഷണവും കുട്ടികളിലെ ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുമായി പീഡിയാട്രിക് കാർഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പദയാത്ര നടന്നു. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാന നോഡൽ ഓഫീസർ ഫോർ ചൈൽഡ് ഹെൽത്ത് ഡോ യു ആർ രാഹുൽ ഹൃദയദിന സന്ദേശം നൽകി.
മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗവും കേരളാ ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കനകക്കുന്നിൽ പദയാത്രയും തുടർന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് അസോസിയേഷൻ ഹാളിൽ മെഡിക്കൽ ക്യാമ്പും നടന്നു.
കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ് , കാർഡിയോളജി വിഭാഗം മേധാവി ഡോ ശിവപ്രസാദും ഡോ മാത്യു ഐപ്പ്, ഡോ വി വി രാധാകൃഷ്ണൻ, ഡോ സിബു മാത്യു, കേരളാ ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ്, കെ എച്ച് ആർ ഡബ്ളിയു എസ് എം ഡി സുധീർ ബാബു ഐ എ എസ് എന്നിവർ പങ്കെടുത്തു.