നഗരത്തിലെ ശേഷിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി; ജില്ലാ വികസന സമിതിയോഗം

IMG_20230930_223553_(1200_x_628_pixel)

തിരുവനന്തപുരം:നഗരത്തിലെ വെള്ളയമ്പലം ജംഗ്ഷനിലേതടക്കമുള്ള വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാര്‍ റോഡ്, വെള്ളയമ്പലം വഴുതക്കാട് റോഡ് എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പേരൂര്‍ക്കട ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് കല്ലുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച അവ്യക്തമാറ്റണമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിലെ പ്രവേശന കവാടത്തിന്റെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. സിവില്‍ സ്‌റ്റേഷനിലേക്കുള്ള റോഡില്‍ രാവിലെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രവേശന കവാടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. കുണ്ടമന്‍കടവ് പമ്പ് ഹൗസിന് സമീപമുള്ള തോടിന്റെ സംരക്ഷണഭിത്തിയുടെ പണി പൂര്‍ത്തിയാക്കിയതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

 

പൊന്മുടി പാതയിലെ ചുള്ളിമാനൂര്‍ – തൊളിക്കോട് റോഡിന്റെ നിര്‍മാണം കൂടുതല്‍ വേഗത്തിലാക്കാന്‍ ജി സ്റ്റീഫന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. വിതുര താലൂക്ക് ആശുപത്രിയും, നെടുമങ്ങാട് ജില്ലാ ആശുപത്രിയും ചേര്‍ന്ന് ബോണക്കാട് എസ്റ്റേറ്റില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് മികച്ചതായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ട ബോണക്കാട് സ്‌റ്റേ ബസ് അടിയന്തരമായി സര്‍വീസ് ആരംഭിച്ചത് അഭിനന്ദനാര്‍ഹമാണ്. നിരന്തരം അപകടമുണ്ടാകുന്ന കല്ലാറില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തുടര്‍ നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ബാലരാമപുരം വഴിമുക്ക് റോഡ് വികസനം വേഗത്തിലാക്കണമെന്ന് എം. വിന്‍സെന്റ് എം. എല്‍. എ ആവശ്യപ്പെട്ടു.

 

കാപ്പില്‍, വര്‍ക്കല ഹെലിപ്പാഡ് എന്നിവിടങ്ങളില്‍ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആര്യശാല റോഡിലെ വെള്ളക്കെട്ട് മാറ്റി അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. നഗരൂര്‍ – പുളിമാത്ത് – കാരേറ്റ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും വലിയതുറ കടല്‍പ്പാലത്തിന്റെ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പുരോഗതിയും വിവിധ പദ്ധതികളും യോഗം വിലയിരുത്തി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ജി.സ്റ്റീഫന്‍, എം.വിന്‍സെന്റ്, വി.കെ പ്രശാന്ത്, എ.ഡി.എം അനില്‍ ജോസ്.ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ് ബിജു, എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!