ഇടവ :വീട്ടിൽ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ. ഇടവ സ്വദേശി സിയാദ് (24) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. വർക്കല ഇടവ കാപ്പിൽ സ്വദേശിനിയായ 95കാരിയാണ് ആക്രമിക്കപ്പെട്ടത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗനവാടിയിലേക്ക് ഓടിക്കയറി.
പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയിൽ അതിക്രമിച്ചു കയറി. വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായിൽ തുണി തിരുകിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രമത്തിൽ മുഖത്ത് പരിക്കേറ്റു.
അവശയായ വയോധിക തൊട്ടടുത്ത വീട്ടിൽ അറിയിച്ചു. അയിരൂർ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. എറണാകുളത്തു നിന്നാണ് സിയാദിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.