തിരുവനന്തപുരം: ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗബാധ കണ്ടെത്തിയത്.
ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. വെമ്പായം വെട്ടിനാട് കന്നുകാലികളെ വളർത്തുന്ന അച്ഛനും മകനുമാണ് രോഗം സ്‌ഥിരീകരിച്ചത്.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ മകന്റെ സാമ്പിൾ ശേഖരിച്ചു പാലോട് വെറ്ററിനറി ലാബിൽ പരിശോധനക്ക് അയക്കുകയായിരുന്നു.തുടർന്നാണ് രോഗം സ്‌ഥിരീകരിച്ചത്.
പിന്നാലെ അച്ഛനും രോഗം പിടിപെടുകയായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ വീട്ടിൽ നിരീക്ഷണത്തിലാണ്.
കേരളത്തിൽ ഇടവേളകളിൽ ഈ രോഗം റിപ്പോർട് ചെയ്യാറുണ്ട്. കൊല്ലം കടയ്ക്കലിൽ ജൂലൈയിൽ രോഗം സ്‌ഥിരീകരിച്ചിരുന്നു. കന്നുകാലികളുമായി അടുത്തിടപഴുകുന്നവർക്കാണ് രോഗം കൂടുതലായി പിടിപെടുന്നത്.