തിരുവനന്തപുരം: ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ 11ന് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു.
രാവിലെ 8 മണിക്ക് വര്‍ക്കല താലൂക്ക് ആശുപത്രി, 9 മണിക്ക് ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 10 മണിക്ക് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഒന്നാം ഘട്ടമായി സന്ദര്‍ശിക്കുന്നത്.
വര്‍ക്കലയില്‍ വി. ജോയ് എം.എല്‍.എ.യും ചിറയിന്‍കീഴ് വി. ശശി എംഎല്‍എയും ആറ്റിങ്ങലില്‍ ഒ.എസ്. അംബിക എം.എല്‍.എ.യും മറ്റ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം സന്ദര്‍ശനം നടത്തും.
തിങ്കളാഴ്ചയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികള്‍ ഉള്‍പ്പെടെ 9 ആശുപത്രികളാണ് മന്ത്രി സന്ദര്‍ശിച്ചത്.
ഇന്ന് രാവിലെ എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി, കരിവേലിപ്പടി, പള്ളുരുത്തി എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും സന്ദര്‍ശിച്ചു. ആലപ്പുഴ ജില്ലയിലെ തുറവൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികള്‍, മാവേലിക്കര ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു.
ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായും രോഗികളുമായും പൊതുജനങ്ങളുമായും മന്ത്രി ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കൂടാതെ വാര്‍ഡുകള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. അവര്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ആശുപത്രികളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുന്നത്.