നെടുമങ്ങാട്:കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ഏറ്റെടുക്കുമെന്നതിന്റെ തിളക്കമുള്ള ഉദാഹരണമാണ് കുടുംബശ്രീ പദ്ധതിയെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സ്‌നേഹിതയുടെ പത്താം വാര്‍ഷികത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം, നിയമസഹായം, ജീവിതോപാധികള്‍ കണ്ടെത്താനുള്ള സഹായം എന്നിവ നല്‍കാന്‍ ലക്ഷ്യമിട്ടാണ് 2013ല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌നേഹിത – ജെന്‍ഡര്‍ ഹെല്‍പ് ലൈന്‍ ആരംഭിക്കുന്നത്.
രാജ്യത്തിലാകമാനം സ്ത്രീശാക്തീകരണ കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ കേരളത്തിന്റെ കുടുംബശ്രീ പ്രചോദനമായി. രാജ്യത്തിനുള്ളില്‍ നിന്നും പുറത്ത് നിന്നും നിരവധി പേരാണ് കുടുംബശ്രീ മാതൃക പഠിക്കാനെത്തിയത്. കുടുംബശ്രീയുടെ ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിന്റെ ഭാഗമായി അമ്മമാര്‍ സ്‌കൂളുകളിലേക്ക് പോകുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിന് ആപത്കരമായ മയക്കുമരുന്ന്, മാലിന്യം എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലാ കുടുംബശ്രീ മിഷന്റെ തനതു പദ്ധതികളായ കൗമാരവ്യക്തിത്വ വികസന പിന്തുണ സംവിധാനം (കാലോ സപ്പോര്‍ട്ട് സെന്റര്‍), പ്രസവാനന്തര വിഷാദം അവബോധവും മാനസിക പിന്തുണയും (ഫോര്‍ യു മോം സപ്പോര്‍ട്ട് സെല്‍) പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
നന്ദിയോട് ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കൗമാര പ്രായത്തിലെ കുട്ടികളെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നാണ് ലഹരി മരുന്നിന്റെ ഉപയോഗം.
ഇതില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാനും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് കാലോ സപ്പോര്‍ട്ടിംഗ് സെന്ററുകള്‍ തുടങ്ങുന്നത്. പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന വിഷാദരോഗവും മറ്റും തടയുന്നതിനും അവര്‍ക്ക് വേണ്ട പിന്തുണയും നല്‍കാനാണ് ഫോര്‍ യു മോം സപ്പോര്‍ട്ട് സെല്ലുകള്‍ ആരംഭിക്കുന്നത്.
വിതുര ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷനായി. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചുഷ ജി ആനന്ദ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കുടുംബശ്രീ പ്രവര്‍ത്തകര്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.