തിരുവനന്തപുരം:കേരളത്തിലെ കലാലയങ്ങളിൽ ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ശ്രമങ്ങൾക്ക് പുതിയ തുടക്കവുമായി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കി.
തിരുവനന്തപുരം ആറ്റിങ്ങൾ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഐഎച്ച്ആർഡി ചെയർപേഴ്‌സണുമായ ആർ.ബിന്ദു നിർവഹിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ, ചൈതന്യ രഘുനാഥ് എന്നിവർ മന്ത്രിയിൽ നിന്നും ജെൻഡർ ന്യൂട്രൽ യൂണിഫോം ഏറ്റുവാങ്ങി.
സമഭാവനയുടെ സത്കലാശാലകൾ ഒരുക്കുന്നതിന്റെ ഭാഗമായി കലാലയങ്ങളിൽ നിലനിൽക്കുന്ന ദൃശ്യവും അദൃശ്യവുമായ എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള ചെറുകാൽവെയ്പാണ് ലിംഗനിഷ്പക്ഷ യൂണിഫോമുകളെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നവകേരള സൃഷ്ടിയുടെ ഭാഗമായി പുത്തൻ വൈജ്ഞാനിക സമൂഹത്തെ സംഭാവചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയാണ് ഉന്നതവിദ്യാഭ്യാസമേഖല. സൗന്ദര്യാധിഷ്ഠിത വസ്ത്രധാരണത്തിൽ നിന്ന് സൗകര്യാധിഷ്ഠിത വസ്ത്രരീതികളിലേക്കുള്ള മാറ്റം അസമത്വത്തിന്റെ അളവ് കുറയ്ക്കുമെന്നും വൈജ്ഞാനികസമൂഹത്തിലേക്ക് മാറുന്ന കേരളത്തിൽ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയിൽ എല്ലാ തലങ്ങളിലും ഉൾച്ചേർക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആൺ – പെൺ – ട്രാൻസ്ജൻഡർ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്ത്രീ-പുരുഷ സമത്വത്തിന്റെ പുരോഗമനപരമായ മാറ്റത്തിന്റെ പ്രതീകമാണ്. കലാലയ ജീവിതത്തിന്റെ സമസ്ത മേഖലയിലും ലിംഗനിരപേക്ഷ സമീപനം വ്യാപിപ്പിക്കണമെന്നും വലിയതലങ്ങളുള്ള, അർത്ഥവത്തായ പദ്ധതിക്ക് തുടക്കമിട്ട ഐഎച്ച്ആർഡിയുടെ സമീപനത്തെ അഭിനന്ദിക്കുന്നതായും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തൊട്ടാകെ ഒൻപത് എഞ്ചിനീയറിംഗ് കോളേജുകളാണ് ഐഎച്ച്ആർഡിയ്ക്ക് കീഴിലുള്ളത്. പ്രതിവർഷം രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് എഞ്ചിനിയറിംഗ് കോളേജുകളിൽ പ്രവേശനം നേടുന്നത്.
ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷയായിരുന്നു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ്.കുമാരി, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത.ആർ, ഐഎച്ച്ആർഡി ഡയറക്ടർ ഡോ.വി.എ അരുൺകുമാർ, ആറ്റിങ്ങൾ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പാൾ ഡോ.വൃന്ദ വി നായർ എന്നിവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.