തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി വരവേൽക്കും.
നാളെ വൈകീട്ട് തുറമുഖത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. കൃത്യം നാല് മണിയ്ക്ക് ചടങ്ങുകൾ ആരംഭിക്കും. ബെർത്തിലെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കപ്പലിനെ ഔദ്യോഗികമായി വരവേൽക്കും. പതാക വീശൽ, ബലൂൺ പറത്തൽ, വാട്ടർ സല്യൂട്ട് എന്നിവയ്ക്ക് ശേഷം സ്റ്റേജിലെ ഉദ്ഘാടന ചടങ്ങുകളിലേയ്ക്ക് കടക്കും.
തലസ്ഥാനത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ.ആന്റണി രാജു,അഡ്വ. ജി ആർ അനിൽ എന്നിവർ തുറമുഖത്തെത്തി ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. അയ്യായിരം പേർക്ക് ഇരുന്ന് പരിപാടി കാണാൻ സൗകര്യമുള്ള വേദിയാണ് ഒരുക്കിയിട്ടുള്ളത് എന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പൊതുജനങ്ങൾക്കും ചടങ്ങിൽ പ്രവേശനം ഉണ്ടായിരിക്കും.
തലസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെ തന്നെയും വികസന സ്വപ്നങ്ങൾക്ക് ശക്തിയുള്ള ചിറകുകൾ നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങിനെ വൻവിജയം ആക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഡി. സുരേഷ്‌കുമാർ, തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.