പോത്തൻകോട് :പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഇടത്തറ, പോത്തൻകോട് ഠൗൺ, പുലിവീട് വാർഡുകളിലെ നവീകരിച്ച റോഡുകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് മണ്ഡലത്തിലുൾപ്പെടുന്ന വാർഡുകളിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡുകൾ റീ ടാറിങ് ചെയ്തത്.
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നിരന്തര പരിശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതി, കുടിവെള്ള പദ്ധതി, റോഡുകളുടെ നവീകരണം, സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിങ്ങനെ സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ വികസനങ്ങൾ സർക്കാർ പ്രാവർത്തികമാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പോത്തൻകോട് ഠൗൺ വാർഡിലെ പോത്തൻകോട് -കണിയാറുകോണം റോഡിന്റെ നവീകരണത്തിനായി 10 ലക്ഷം രൂപയും പുലിവീട് വാർഡിലെ വാറുവിളാകം -യുപിഎസ് റോഡ്, ഇടത്തറ വാർഡിലെ മൂഴിഭാഗം-ഇടത്തറ റോഡുകളുടെ നവീകരണത്തിനായി 15 ലക്ഷം രൂപ വീതവും ചെലവഴിച്ചു.
പോത്തൻകോട് ഠൗൺ വാർഡിൽ കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വാർഡിലെ തെരഞ്ഞെടുത്ത ഒരു കുട്ടിയുടെ വീട്ടിൽ ലൈബ്രറി സജ്ജീകരിക്കുന്നതാണ് പദ്ധതി. പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു റാക്കും കുറച്ച് പുസ്തകങ്ങളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.
ഇടത്തറ, പോത്തൻകോട് ഠൗൺ, പുലിവീട് വാർഡുകളെ ഡിജിറ്റലൈസ്ഡ് വാർഡുകളായി മാറ്റുന്നതിന്റെ പ്രവർത്തനോദ്ഘാടനം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ സജി ഗോപിനാഥ് നിർവഹിച്ചു.
പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ അനിൽ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിത കുമാരി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ എന്നിവരും, നാട്ടുകാരും പങ്കെടുത്തു.