കഴക്കൂട്ടം സബ്സ്റ്റേഷനില്‍ വെള്ളം കയറി; വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

IMG_20231015_144536_(1200_x_628_pixel)

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനില്‍ വെള്ളം കയറി. നഗരത്തില്‍ പലയിടങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെഎസ്ഇബി അറിയിച്ചു.

പ്രതികൂല സാഹചര്യത്തിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള കഠിന പ്രയത്നം തുടരുന്നതായി കെഎസ്ഇബി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷന് സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നാണ് സബ്സ്റ്റേഷനിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള മൂന്ന് ഫീഡറുകള്‍ ഓഫ് ചെയ്തു.

കുഴിവിള , യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകളാണ് സ്വിച്ച് ഓഫ് ചെയ്തത്. ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മറ്റു മാർഗ്ഗങ്ങളിലൂടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു.

ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതര്‍ പറയുന്നു. അങ്ങനെ സബ്‍സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിയാല്‍ കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങും. കൂടാതെ കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ, വേളി എന്നീ സബ്സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.

പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള കഠിന പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരെന്നും. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നതായും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കെഎസ്ഇബി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular