തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്.
കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നവാക്കില്ലെന്നാണ് ഇതോടുകൂടി തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതിന്റെ ഏറ്റവും അടുത്ത നിമിഷത്തിലാണ് നില്‍ക്കുന്നത്.
ഏത് പ്രതിസന്ധിയേയും അത് എത്രവലുതായാലും അതിനെ അതിജീവിക്കുമെന്ന് ഒരുമയിലൂടേയും ഐക്യത്തിലൂടേയും കൂട്ടായ്മയിലൂടെയും തെളിയിച്ചതാണ്. അതാണ് ഇവിടെയും കാണാന്‍ കഴിയുക. ഇതുപോലൊരു തുറമുഖം ലോകത്ത് തന്നെ അപൂര്‍വ്വമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സാന്നിധ്യത്തിലൂടെ വരാന്‍ പോകുന്ന വികസനം ഭാവനകള്‍ക്ക് അപ്പുറമായിരിക്കും.
വികസനക്കുതിപ്പിന് കരുത്തേകുന്നതായിരിക്കും തുറമുഖം. വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാനക്കാരുടെ ജീവിതനിലവാരത്തോതിലേക്ക് കേരളത്തെയും ജനങ്ങളുടെ നിലവാരത്തേയും ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം ഇന്ന് കേരളത്തിന്റേയും വിഴിഞ്ഞത്തിന്റേയും അഭിമാന ദിവസമാണ്. രാജ്യത്തിന്റെയാകെ അഭിമാനകരമായ പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്.