സ്ത്രീ മുന്നേറ്റത്തിന്റെ വിളംബരവുമായി ഗ്രാമികോത്സവം

IMG_20231016_191741_(1200_x_628_pixel)

പോത്തൻകോട്:സ്ത്രീ മുന്നേറ്റത്തിന്റെ ഉത്തമോദഹാരണങ്ങളാണ് തൊഴിലുറപ്പ്, കുടുംബശ്രീ പദ്ധതികളുടെ സമ്പൂർണ വിജയമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമികോത്സവം 2023 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന ഗ്രാമികയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനവും കഠിനംകുളം കായൽ തീരത്ത് കണ്ടൽ വനവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി സഹകരിച്ച് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ആവാസതീരം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്തുകൾ വഴി ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്തി ഗ്രാമങ്ങളിൽ കൂടുതൽ വരുമാന മാർഗങ്ങൾ സൃഷ്ടിക്കാനുള്ള നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ, തൊഴിലുറപ്പ് സംവിധാനങ്ങളിലൂടെ സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യം വച്ചുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഠിനംകുളം കായലിന്റെ തീരസംരക്ഷണത്തിനായി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുക എന്ന ആശയവുമായി 2021-ലാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് കായലിന്റെ ഇരുവശത്തുമായി മൂവായിരത്തോളം കണ്ടൽ തൈകൾ സ്ഥലത്തെ സന്നദ്ധ പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരത്തോടെ നട്ടുപിടിപ്പിച്ചു. ആദ്യഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടമായ ആവാസ തീരം പദ്ധതിയിലൂടെ 8000 കണ്ടൽതൈകളാണ് കഠിനംകുളം കായലിന്റെ വശങ്ങളിലായി നടുന്നത്.

2022- 23 വർഷങ്ങളിൽ എം.ജി.എൻ.ആർ. ഇ.ജി.എസ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകൾക്കുള്ള അവാർഡും മന്ത്രി വിതരണം ചെയ്തു. അഴൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനവും, അണ്ടൂർക്കോണം,മംഗലപുരം ഗ്രാമപഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഗ്രാമിക പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനുള്ള അവാർഡ് കഠിനംകുളം ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി.

ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതപാഠം പദ്ധതിയിൽ മികച്ച നിലവാരം പുലർത്തിയ മേനംകുളം സർക്കാർ എൽ.പി സ്‌കൂൾ, രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടിയ ഇടവിളാകം സർക്കാർ യു.പി സ്‌കൂൾ, കോരാണി സർക്കാർ യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രഥമ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ വനിതകൾക്കായി നടത്തിയ ഷീ സ്‌പോർട്‌സിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും ഗ്രാമിക ഡോക്യൂമെന്ററിയുടെ ആദ്യപ്രദർശനവും വിവിധ മേഖലകളിൽ സമ്മാനിതരായ വ്യക്തികളെ ആദരിക്കലും ചടങ്ങിന്റെ ഭാഗമായി നടന്നു.

അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കുടുംബശ്രീ- തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!