തിരുവനന്തപുരം: നേമത്ത് യുവതിയെ കുത്തിയ ശേഷം സുഹൃത്തിന്റെ ആത്മഹത്യാശ്രമം. കഴുത്തില്‍ കുത്തേറ്റ നേമം സ്വദേശിനി രമ്യ രാജീവിന്റെ നില ഗുരുതരമാണ്.
സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപക്ക് അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. രമ്യയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഇരുവരും നാലുവര്‍ഷമായി പ്രണയത്തിലാണെന്നാണ് വിവരം. നഴ്‌സിങ് കഴിഞ്ഞ രമ്യ നേമത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ്.
രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക്, തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് രമ്യ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കുപിതനായ ദീപക്ക് വീട്ടില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് രമ്യയെ കുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.