Search
Close this search box.

തിരുവനന്തപുരം ജില്ലയിലെ വെളളക്കെട്ട് പരിഹരിക്കാൻ ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാൻ

IMG_20231030_193352_(1200_x_628_pixel)

തിരുവനന്തപുരം: ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഫ്‌ളഡ് പ്രിവൻഷൻ ആക്ഷന് പ്ലാൻ തയാറാക്കി.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി പൂർത്തീകരിക്കേണ്ടുന്ന പ്രവർത്തികളുൾപ്പെടുത്തി നൂറ് ദിന കർമ്മ പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടുന്ന പദ്ധതികളും ഉൾപ്പെടുന്നതാണ് ആക്ഷൻപ്ലാൻ.

തൈക്കാട് ഗസ്റ്റ് ഹൗസിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജില്ലയുടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന പദ്ധതികൾക്ക് രൂപം നൽകിയത്.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആമയിഴഞ്ചാൻ, പട്ടം, ഉള്ളൂർ ഉൾപ്പെടെയുള്ള തോടുകൾ വൃത്തിയാക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിന് സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ മന്ത്രി ചുമതലപ്പെടുത്തി.

കെ.ആർഎഫ്ബി, സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായ 81 റോഡുകളിലേയും ഓടകൾ ഒരാഴ്ചക്കുള്ളിൽ വൃത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ, നാഷണൽ ഹൈവേ എന്നിവയുടെ ഓടകളും അടിയന്തരമായി വൃത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കഴിഞ്ഞ മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട 321 ധനസഹായ അപേക്ഷകളിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ ചുമതലപ്പെടുത്തി. വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കർമ്മപദ്ധതിയിലുൾപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി ആന്റണി രാജു വകുപ്പുകളോട് നിർദേശിച്ചു.

പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകളുടെ ഡി-സിൽറ്റിങ് പ്രവർത്തികൾ പൂർത്തിയാകുന്നതോടെ നഗരപ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുമെന്നും തമ്പാനൂർ -പഴവങ്ങാടി മാതൃകയിൽ ശാസ്ത്രീയ പരിഹാരത്തിനുള്ള കർമ്മപദ്ധതിക്കാണ് ഇപ്പോൾ രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു.

ഫ്‌ളൈ ഓവർ നിർമാണത്തെ തുടർന്ന് ചാക്ക -ഈഞ്ചക്കൽ ബൈപാസ് റോഡിലെ ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

ദീർഘകാലമായി തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്ന റോഡുകളുടെ പണികൾ പുനരാരംഭിക്കും. ചാല ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി റോഡുകളുടെയും വഴുതക്കാട്, അട്ടക്കുളങ്ങര ഉൾപ്പെടുന്ന കെ.ആർ.എഫ്.ബി റോഡുകളുടെയും ടെൻഡർ നടപടികളെല്ലാം പൂർത്തിയായതായി മന്ത്രി അറിയിച്ചു. മെയ്, ജൂൺ മാസത്തോടെ ഈ റോഡുകളുടെ നവീകരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയ്ക്ക് കീഴിലുള്ള റോഡുകളിലെ ഓടകൾ ഒരാഴ്ചക്കകം വൃത്തിയാക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. എല്ലാ വാർഡുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകി. നഗരസഭാ പദ്ധതികളായ അമൃത്, സ്മാർട്ട് സിറ്റി എന്നിവയിലുൾപ്പെടുത്തി ആറ് കോടി രൂപ വിനിയോഗിച്ച് സക്കിംഗ് കം ജെറ്റിംഗ് മെഷീനുകൾ വാങ്ങാൻ തീരുമാനമായതായി മേയർ അറിയിച്ചു. മാൻഹോളുകളിലേക്ക് അനധികൃതമായി നൽകിയിരിക്കുന്ന കണക്ഷനുകൾ കണ്ടെത്തുന്നതിന് സ്ഥാപനങ്ങളിലും വീടുകളിലും നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായി സർവേ നടത്തും. തോടുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിന് എ.ഐ ക്യാമറ സ്ഥാപിക്കും. മഴവെള്ള സംഭരണം ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ ശക്തമാക്കും. പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തികൾ ജില്ലാ കളക്ടർ നിരീക്ഷിച്ച് പ്രതിവാര റിപ്പോർട്ട് മന്ത്രിമാർക്ക് സമർപ്പിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!