പെരുമാതുറ: മാടന്‍വിളയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍.
ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നഗരൂര്‍ സ്വദേശികളായ ആകാശ്, അബ്ദുള്‍ റഹ്മാന്‍, സഫീര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പെരുമാതുറ മാടന്‍വിളയില്‍ ഇന്നലെ രാത്രി പത്തോടെയാണ് വീടുകള്‍ക്ക് നേരെ പടക്കമേറ് ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ജംഗ്ഷനില്‍ നിന്നവര്‍ക്ക് നേരെയും പടക്കമെറിഞ്ഞിരുന്നു.
ആക്രമണത്തില്‍ മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടപാടുകള്‍ സംഭവിച്ചിട്ടുണ്ട്.