തിരുവനന്തപുരം :മനോരോഗിയായ 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന് പ്രതിയായ മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭൻ(64 ) നെ 52 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നുമാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്ജി ആർ രേഖ വിധി ന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വിധിയിൽ പറയുന്നു.
10/1/2013 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു കുട്ടി സ്കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തി ടിവി കാണവെയാണ് സംഭവം.
വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പെൺകുട്ടിയെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആദ്യം വഴങ്ങാത്തതിനാൽ കുട്ടിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയാണ് പീഡിപ്പിച്ചത്.കുട്ടി നിലവിളിച്ചെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു.
പ്രതി ബലം പ്രയോഗിച്ചതിനാൽ കുട്ടിയും വായിലും കഴുത്തിലും മുറിവേറ്റു.കുട്ടിയുടെ അമ്മയും മനോരോഗിയാണ്. 85 വയസ്സ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടിൽ കയറിയപ്പോൾ അമ്മുമ്മ വെട്ടുകത്തിയെടുത്ത് പ്രതിയെ വെട്ടാൻ ഓങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.
അടുത്തദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകൾ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. ടീച്ചർ കുട്ടിയോട് ചോദിച്ചപ്പോഴാണ് ആണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൂജപ്പുര പോലീസ് സ്റ്റേഷനിൽ ഉടനെ തന്നെ വിവരം അറിയിച്ചു.
വിചാരണ വേളയിൽ കുട്ടി കൂട്ടിൽ നിന്ന് പൊട്ടികരഞ്ഞുകൊണ്ടാണ് പീഡന വിവരങ്ങൾ കോടതിയോട് വെളിപെടുത്തിയത്. അതിനാൽ പല ദിവസങ്ങളിൽ ആയിട്ടാണ് കുട്ടയുടെ വിചാരണ നടന്നത്.
ഗോപി എന്ന ഓട്ടോ ഡ്രൈവർ കൂടി കുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. ഈ പ്രതി കുട്ടിയുടെ അമ്മയെയും പീഡിപ്പിച്ചിട്ടുണ്ട് പക്ഷേ വിചാരണവേളയിൽ പ്രതി മരണപ്പെട്ടു. മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധി ന്യായത്തിൽ പറയുന്നു. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമെ കുറ്റകൃത്യങ്ങൾ കുറയുകയുള്ളുവെന്നും വിധിയിലുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയമോഹൻ, അഭിഭാഷകരായ എം മുബീന, അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി. മ്യൂസിയം സിഐമാരായിരുന്ന വി ജയചന്ദ്രൻ, എം ജെ സന്തോഷ്, പൂജപ്പുര എസ് ഐ ആയിരുന്ന പി ബി വിനോദ്കുമാർ എന്നിവർ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു, 26 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.