തിരുവനന്തപുരം :തിരുവനന്തപുരം കളക്ടറേറ്റ് ഐഎസ്ഒ 9001 2015 സർട്ടിഫിക്കേഷൻ മികവിൽ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പ്രഖ്യാപനം നടത്തും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരിക്കും.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മാ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കളക്ടറേറ്റും, ആദ്യത്തെ സബ് കളക്ടറുടെ ഓഫീസുമെന്ന അഭിമാന നേട്ടമാണ് തിരുവനന്തപുരം കളക്ടറേറ്റ് കൈവരിക്കുന്നത്.
പൊതുജനങ്ങൾക്കും ജീവനക്കാർക്കും മികച്ച സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗുണമേന്മാ സർട്ടിഫിക്കേറ്റ് ലഭിക്കുന്നത്. കില കൺസൽട്ടൻസിയിൽ പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ് സംവിധാനം, കുടിവെള്ളം ലഭ്യമാക്കാൻ സംവിധാനം, ഫീഡിംഗ് റൂം, ദിശാബോർഡുകൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചു. ഓഫീസ് സംവിധാനങ്ങൾ നവീകരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു. അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, ഇന്റേണൽ ഓഡിറ്റിംഗ്, റെക്കോർഡുകളുടെ ഡിജിറ്റൽ പരിപാലനം എന്നിവയും കാര്യക്ഷമമാക്കി. കാഴ്ചപരിമിതർക്ക് സഹായകരമാകുന്ന ബ്രെയിൽ ബോർഡുകൾ സ്ഥാപിച്ചും ഭിന്നശേഷി സൗഹൃദമാക്കിയും തിരുവനന്തപുരം കളക്ടറേറ്റ് ജനസൗഹൃദമാക്കി.
റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ കൗശിഗൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ് ജെ. എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും.