കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരം; തലസ്ഥാനം ഇനി വർണാഭം

തിരുവനന്തപുരം:കേരളീയം രാവുകളെ നറു നിലാവെളിച്ചത്താൽ അലംകൃതമാക്കാൻ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരത്തിന് മൂന്ന് മന്ത്രിമാര്‍ ചേര്‍ന്ന് സ്വിച്ച് ഓൺ നിര്‍വഹിച്ചു.

കനകക്കുന്ന് പാലസിനു മുന്നിൽ ഒരുക്കിയ കേരളീയത്തിന്റെ കൂറ്റൻ ലോഗോ പൂത്തിരികളുടെ അകമ്പടിയോടെ വൈകീട്ട് 7.30 ന് പ്രകാശിപ്പിച്ചു കൊണ്ടാണ് മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.ശിവൻ കുട്ടി,ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.

കേരളീയം ഇല്യുമിനേഷൻ കമ്മിറ്റി അണിയിച്ചൊരുക്കുന്ന വൈദ്യുത ദീപാലങ്കാരം കേരളീയം മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.സാങ്കേതിക മികവും അലങ്കാരമികവും സമന്വയിക്കുന്ന വൈദ്യുത ദീപക്കാഴ്ച നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത കാഴ്ചയുടെ വിസ്മയമാണ് തീര്‍ക്കുന്നത്.

കനകക്കുന്ന്,സെൻട്രൽ സ്റ്റേഡിയം,മ്യൂസിയം കോമ്പൗണ്ട്,ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റും അനക്സും,പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്,നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്.പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിൽ പ്രത്യേകമായി ആവിഷ്കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ ഷാര്‍പ്പി, എല്‍ഇഡി ബാര്‍,പിക്സല്‍,ഫോഗ്,നിയോണ്‍ സീരിയല്‍ സെറ്റ് എന്നിങ്ങനെയുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ദീപങ്ങളാല്‍ അലങ്കരിച്ച കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സൗജന്യ നഗരയാത്രയും ഒരുക്കിയിരുന്നു.

ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ലേസർ മാൻ ഷോ, യു.വി സ്റ്റേജ് ഷോ,ട്രോൺസ് ഡാൻസ് എന്നിവയും കനകക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്.പ്രധാന പരിപാടികളുടെ ഇടവേളകളിലായിരിക്കും ട്രോൺസ് ഡാൻസ് അവതരിപ്പിക്കുന്നത്.ഇതിനു പുറമെ വിവിധ സെൽഫി പോയിന്റുകളും വടക്കൻ കേരളത്തിലെ തെയ്യം പ്രമേയമാക്കി കണ്ണൂരിൽ നിന്നുള്ള ‘കാവ് തീമും ഒരുക്കിയിട്ടുണ്ട്.ടാഗോർ തിയറ്ററിൽ മൂൺ ലൈറ്റുകൾ നിലാ നടത്തത്തിന് വഴിയൊരുക്കും.

മ്യൂസിയത്തിൽ കുട്ടികളെ ആകർഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്.നിർമാണ ചാരുത എടുത്തറിയിക്കുന്ന വിവിധ നിറങ്ങളും വെളിച്ചവും സമന്വയിപ്പിച്ചാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.

കേരളം സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങളെ പ്രദർശിപ്പിക്കുന്ന കൂറ്റൻ ബലൂണുകളാൽ സെൻട്രൽ സ്റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതി പകരും. വിവിധ തരം പൂക്കളുടെ ആകൃതിയിൽ തയ്യാറാക്കുന്ന ദീപാലങ്കാരമാണ് പുത്തരിക്കണ്ടത്തെ നായനാർ പാർക്കിലെ ആകര്‍ഷണം.

ഉദ്ഘാടന ചടങ്ങില്‍ എം എല്‍ എമാരായ സി.കെ. ഹരീന്ദ്രന്‍,ഡി.കെ.മുരളി,കെ. പി.മോഹനന്‍,വാഴൂര്‍ സോമന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!