തിരുവനന്തപുരം :പഴമയുടെ പൈതൃകവും പുതുമയുടെ സാങ്കേതികതയും കോര്‍ത്തിണക്കി ശ്രദ്ധേയമാവുകയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന,വിപണനമേള. കൈത്തറിയുടെയും കയര്‍ മെഷീനുകളുടെയും തത്സമയ അവതരണമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം.
കയര്‍ ഭൂവസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മാഗ്നെറ്റിക് ലൂം, ഗാര്‍ഡന്‍ ആര്‍ട്ടിക്കിള്‍, മെഷീന്‍പിത്ത് ബ്രിക്കറ്റിങ് മെഷീന്‍, ലൂം മെഷീന്‍ എന്നിങ്ങനെ കയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള എല്ലാ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്.
ചവിട്ടി മുതല്‍ കിടക്ക വരെയുള്ള കയര്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന കൗതുകകാഴ്ചയ്ക്കും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസരമുണ്ട്.
പല വര്‍ണങ്ങളിലും മോഡലുകളിലുമുള്ള കൈത്തറി സാരികളും ബെഡ്ഷീറ്റ്, ബാഗ്, ചുരിദാര്‍, കുര്‍ത്തി, ജുബ്ബ, ഡബിള്‍ മുണ്ട്, കാവിമുണ്ട്, ഷര്‍ട്ടുകള്‍ തുടങ്ങി ഖാദി വസ്ത്രങ്ങള്‍ 30% സര്‍ക്കാര്‍ റിബേറ്റില്‍ ലഭ്യമാണ്. കര കൗശല വികസന കോര്‍പറേഷന്റെ കരകൗശല ഉല്‍പ്പന്നങ്ങള്‍ മറ്റൊരാകര്‍ഷണമാണ്.
ചിരട്ടയിലും മുളയിലും തടിയിലും നിര്‍മിച്ച ശില്പങ്ങളും കരകൗശല വസ്തുക്കളും വാങ്ങാനും ആസ്വദിക്കാനും ആവശ്യക്കാര്‍ ഏറെയാണ്. തേക്കിന്‍തടിയില്‍ തീര്‍ത്ത ആന, സിംഹം, ഒട്ടകം, കുതിര, ആറന്മുള കണ്ണാടി, ആരാധനാമൂര്‍ത്തികള്‍ എന്നു തുടങ്ങി ഒമ്പത് ലക്ഷം രൂപവരെ വിലയുള്ള വലിയ പ്രതിമകളും സ്റ്റാളില്‍ഉണ്ട്.