തിരുവനന്തപുരം: കേരളീയത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവർ മൂന്നരയോടെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തേണ്ടതാണ്.ആദ്യമെത്തുന്നവർക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്.
സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്താൻ വിവിധ പാർക്കിങ് സെന്ററുകളിൽ നിന്നും ഓരോ പത്ത് മിനിട്ടിലും കെ.എസ്.ആർ.ടി.സി. ഇലക്‌ട്രിക് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളിൽ വാഹനപാർക്കിങ് അനുവദിക്കില്ല.
പനവിള, ഹൗസിങ് ബോർഡ് – പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റ്, വൈ.എം.സി.എ. -പ്രസ് ക്ലബ്ബ് റോഡ് എന്നിവയിലൂടെയും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് വി.ഐ.പി. വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ, കേരളീയം സംഘാടകരുടെ വാഹനങ്ങൾ, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവ മാത്രമേ കടത്തിവിടൂ. ഇവർക്കായി പനവിള – ഹൗസിങ് ബോർഡ് റോഡിലും സെൻട്രൽ സ്റ്റേഡിയം പരിസരത്തുമായി പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പബ്ലിക് ഓഫീസ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് പാളയം, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈക്കാട്, ശ്രീസ്വാതി തിരുനാൾ സംഗീത കോളേജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ, ഐരാണിമുട്ടം ഗവ. ഹോമിയോ ഹോസ്പിറ്റൽ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബി.എസ്.എൻ.എൽ. ഓഫീസ്, കൈമനം, ഗിരിദീപം കൺവെൻഷൻ സെന്റർ നാലാഞ്ചിറ എന്നിവിടങ്ങളിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.