തിരുവനന്തപുരം : വെള്ളായണിയിൽ കാർഷിക കോളേജിനെയും കാക്കമൂലയെയും ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ടെൻഡറിന് മന്ത്രിസഭായോഗം അനുമതിനൽകി.
28.6 കോടി രൂപ ചെലവിട്ടാണ് പുതിയ പാലം നിർമിക്കുക. ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വാട്ട് ചെയ്ത സാഹചര്യത്തിലാണ് പദ്ധതി അനുമതി മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്.
അഞ്ചുവർഷം മുമ്പ് പാലം നിർമാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നു. വിനോദസഞ്ചാര സാധ്യതകൾകൂടി കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തതായിരുന്നു പാലം.
പുതിയ നിയമം അനുസരിച്ച് പാലത്തിലൂടെ പൈപ്പ് ലൈൻ ഉൾപ്പെടെ മറ്റ് നിർമാണ പ്രവൃത്തികൾ പാടില്ലെന്ന് വന്നതോടെ അധികനിർമാണ പ്രവർത്തനങ്ങൾ വേണ്ടതിനാൽ പാലത്തിന് അനുവദിച്ച 24 കോടി രൂപയുടെ എസ്റ്റിമേറ്റ് മാറ്റിയിരുന്നു.
പാലം നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ മണ്ണ് പരിശോധന നടത്തിയിരുന്നു. 249.40 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക.