Search
Close this search box.

10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി ആശുപത്രി

IMG_20231117_144413_(1200_x_628_pixel)

തിരുവനന്തപുരം: ഗുരുതരമായ എ.ആര്‍.ഡി.എസി.നൊപ്പം അതിവേഗം സങ്കീര്‍ണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി.

സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ശിശുരോഗ വിഭാഗത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് എസ്.എ.ടി.യില്‍ ലഭ്യമാക്കിയത്. ചികിത്സയും പരിചരണവും നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഒക്‌ടോബര്‍ 13നാണ് കുട്ടിയെ പനിയും ശ്വാസതടസവും കാരണം എസ്. എ.ടി. ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കി തുടര്‍ചികിത്സ ആരംഭിച്ചു.

എന്നാല്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടും കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്‌സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. അടുത്ത ഏതാനം മണിക്കൂറിനുള്ളില്‍ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ തുടങ്ങി.

ഈ ഘട്ടത്തില്‍ കൂട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എക്‌മോ മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗം. എക്‌മോ ചികിത്സയില്‍ ശരീരത്തില്‍ നിന്ന് രക്തം പുറത്തെടുക്കുകയും ശരീരത്തിന് പുറത്ത് ഓക്‌സിജന്‍ നല്‍കുകയും ശരീരത്തിലേയ്ക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം മടക്കി നല്‍കുകയും ചെയ്യുന്നു.

13ന് രാത്രി 09.30ന് അഡ്മിറ്റായ കുട്ടിയ്ക്ക് 14ന് രാത്രി 11.30 മണിയോടു കൂടി എക്‌മോ ചികിത്സ ആരംഭിച്ചു. ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്‌മോ ചികിത്സ നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വെന്റിലേറ്റര്‍ ചികിത്സ 28 വരെ തുടരുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്‌സിജന്‍ സഹായമില്ലാതെ ശ്വസിക്കാനും കഴിഞ്ഞു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്.

എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദുവിന്റെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജി.എസ്. ബിന്ദു, യൂണിറ്റ് ചീഫ് ഡോ. സനുജ സരസം, പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ് ഡോ. ഷീജ സുഗുണന്‍, ഡോ. രേഖാ കൃഷ്ണന്‍, ഐ.സി.യു.വിലെ സീനിയര്‍, ജൂനിയര്‍ റെസിഡന്റുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, എസ്.എ.ടി. സി.വി.ടി.എസ്. ടീം, ഡോ. വിനു, ഡോ. നിവിന്‍ ജോര്‍ജ്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അമ്പിളി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പി.ഐ.സി.യുവിലേയും സി.വി.ടി.എസ്. ഐ.സി.യു.വിലേയും നഴ്‌സിംഗ് ഓഫീസര്‍മാര്‍, പെര്‍ഫ്യൂഷനിസ്റ്റുകള്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയ എല്ലാവരുടേയും ആത്മാര്‍ത്ഥ പരിശ്രമമാണ് അത്യന്തം വെല്ലുവിളി നിറഞ്ഞ എക്‌മോ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!