തിരുവനന്തപുരം: മ്യൂസിയം നന്ദൻകോട് റോഡിൽ വീണ വള്ളിപ്പടർപ്പ് ഫയർഫോഴ്സ് നീക്കം ചെയ്‌തു.
മ്യൂസിയം കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങളെ കാണാൻ കഴിയാത്ത വിധം പാഴ്‌മരത്തിൽ ചുറ്റിക്കിടന്ന വള്ളിപ്പടർപ്പാണ് റോഡിലേക്ക് വീണത്. ഇന്നലെ രാവിലെ 6.30ഓടെയാണ് സംഭവം.
രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുത ലൈനുകൾക്കും തകരാർ സംഭവിച്ചു. സംഭവസമയം ഇതുവഴി വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടമുണ്ടായില്ല.
പൊലീസ് അറിയിച്ചതിനെ തുടർന്ന് ചെങ്കൽച്ചൂള ഫയർസ്റ്റേഷനിൽ നിന്ന് ഗ്രേഡ് എ.എസ്.ടി.ഒ അജിത്കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ മോഹനകുമാർ, വിനോദ്കുമാർ, രാഹുൽ, അഭിലാഷ് എന്നിവർ മുക്കാൽ മണിക്കൂർകൊണ്ടാണ് വള്ളിപ്പടർപ്പ് നീക്കം ചെയ്‌തത്.മ്യൂസിയം വളപ്പിനുള്ളിൽ ഇത്തരത്തിൽ നിരവധി വള്ളിപ്പടർപ്പുകളാണുള്ളത്.