നാഗർകോവിൽ: വായില്‍ മദ്യം ഒഴിച്ചുനല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍.
സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മത്സ്യത്തൊഴിലാളിയായ ഇരയമന്‍തുറ സ്വദേശി ചീനുവിന്റെ മകന്‍ അരിസ്‌റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനും (32) അറസ്റ്റിലായത്.
വായില്‍ മദ്യമൊഴിച്ച ശേഷം തലയില്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു.കുഞ്ഞിന്റെ അച്ഛൻ ചീനുവും പ്രബിഷയും നാല് വര്‍ഷം മുമ്പാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെയാണ് മൂന്ന് തവണ വിവാഹിതനായ സദാം ഹുസൈനുമായി പ്രബിഷ അടുപ്പത്തിലായത്. ഇതേത്തുടര്‍ന്ന് ചീനുവും പ്രബിഷയും തമ്മില്‍ നിരന്തരം വഴക്കുണ്ടായി. തുടര്‍ന്ന് പ്രബിഷ ഇളയ മകന്‍ അരിസ്‌റ്റോ ബ്യൂലനെയുമായി സദാം ഹുസൈനൊപ്പം നാടുവിടുകയായിരുന്നു.
തൂത്തുക്കുടിയിലായിരുന്ന ഇവര്‍ കഴിഞ്ഞ 14നാണ് അഞ്ചുഗ്രാമത്തിലുള്ള കോഴി പണയിലെത്തിയത്. സദാം ഹുസൈനും പ്രബിഷയ്ക്കും രാത്രിയില്‍ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ വിശപ്പുകാരണം അരിസ്‌റ്റോ ബ്യൂലന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് കരഞ്ഞു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിക്കുകയും കരച്ചില്‍ നിറുത്താത്തതിനെ തുടര്‍ന്ന് തലയില്‍ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുകയായിരുന്നു.
ബോധം നഷ്ടമായ കുട്ടിയെ പ്രബിഷ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മുക്കിപ്പിടിച്ചു. തുടര്‍ന്ന് ബോധം വരാത്തതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയെ ഒരു മണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചു