തിരുവനന്തപുരം:കഥാകാരി പി.വൽസല (84) അന്തരിച്ചു. ഇന്നലെ രാത്രി പത്തരയോടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം.
കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ടാംഗത്വവും.
കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്തുടങ്ങി.
അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.