തിരുവനന്തപുരം :കേരളോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. കേരളോത്സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങളുടെ ഉദ്ഘാടനം കാര്യവട്ടം എല്‍.എന്‍.സി.പി സ്റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
മറ്റു മേഖലകളിലെപ്പോലെ കായിക രംഗത്തും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എം.എല്‍.എ പറഞ്ഞു. കേരളമില്ലാത്ത കായിക ഇന്ത്യയെപ്പറ്റി ചിന്തിക്കാനാകില്ല.
വിദ്യാഭ്യാസ കാലം മുതല്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രദ്ധയും കായികതാരങ്ങളുടെ കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് കായിക പ്രതിഭകളെ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളിയായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം മിന്നുമണിയെ കാണാനിടയായി. കേരളത്തില്‍ നിന്നും ഇനിയും മിന്നുമണിമാരെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലാതല കേരളോത്സവത്തിന്റെ വര്‍ക്കിംഗ് ചെയര്‍മാനുമായ എം.ജലീല്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി. എല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉനൈസ അന്‍സാരി, ഭഗത് റൂഫസ്, സെക്രട്ടറി ഷാജി ബോണ്‍സ്‌ലെ. എസ്, ജില്ലാ യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി ആര്‍.എസ്., ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.എം അന്‍സാരി തുടങ്ങിയവരും പങ്കെടുത്തു.
കേരളോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ (നവംബര്‍ 23) എല്‍.എന്‍.സി.പി ഗ്രൗണ്ടില്‍ അത്‌ലറ്റിക് മത്സരങ്ങളും പിരപ്പന്‍കോട് ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ -സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ മത്സരങ്ങളും കണിയാപുരം മുസ്ലീം ഹൈസ്‌കൂളില്‍ ഫുട്ബോള്‍ മത്സരവും നടന്നു. ഇന്ന് ക്രിക്കറ്റ് മത്സരങ്ങള്‍ മുസ്ലീം ഹൈസ്‌കൂളിലും, വടം വലി മത്സരം അഴൂര്‍ ഗവ. എച്ച്.എസ്.എസിലും 25-ാം തീയതിയിലെ ഗെയിംസ് മത്സരങ്ങള്‍ എല്‍.എന്‍.സി.പി ഗ്രൗണ്ടിലും കബഡി മത്സരങ്ങള്‍ കണിയാപുരം മുസ്ലിം ഹൈസ്‌കൂളിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, അഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, അഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. ജില്ലയിലെ വിവിധ വേദികളില്‍ നടക്കുന്ന കേരളോത്സവം നവംബര്‍ 26ന് സമാപിക്കും. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്ത്, നാല് മുന്‍സിപ്പാലിറ്റി, തിരുവനന്തപുരം കോര്‍പറേഷന്‍ തുടങ്ങിയവയില്‍ നിന്നുള്ള നാലായിരത്തോളം മത്സരാര്‍ത്ഥികളാണ് കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.