തിരുവനന്തപുരം:കേരളസംസ്ഥാന യുവജനക്ഷേമബോർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങൾക്ക് തിരിതെളിഞ്ഞു.
അഴൂർ ഗവ.എൽ.പി.എസിൽ വി.ജോയി എം.എൽ.എ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളിൽ മുപ്പത്തിനാലിലധികം ഇനങ്ങളാണ് അരങ്ങേറുന്നത്.
അഴൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ, യു.പി.സ്‌കൂൾ, ഹൈസ്‌കൂൾ, അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് വേദി സജ്ജീകരിച്ചിരിക്കുന്നത്.
നാല് ദിവസം നീണ്ട് നിന്ന ജില്ലാ തല കേരളോത്സവം ഇന്ന് (നവംബർ 26) സമാപിക്കും. സമാപന സമ്മേളനം എ.എ റഹിം എം.പി ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എൽ.എ സമ്മാനദാനം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷതയിൽ അഴൂർ ഗവൺമെന്റ് എൽ.പി.എസിലാണ് സമാപനസമ്മേളനം നടക്കുന്നത്. സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും നടക്കും.