തിരുവനന്തപുരം: സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്തിയ കോൺട്രാക്ട് ക്യാരേജ് ബസ് തിരുവനന്തപുരത്ത് പിടികൂടി.
കൊല്ലത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താൻ ശ്രമിച്ച പുഞ്ചിരി ട്രാവൽസിന്റെ ബസ്സാണ് മോട്ടർ വാഹന വകുപ്പ് (എംവിഡി) പിടികൂടിയത്.
കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ആണെങ്കിലും കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ വിവിധ ഇടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റിയാണ് ബസ് തിരുവനന്തപുരത്ത് എത്തിയത്. തുടർന്നാണ് മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്.
തിരുവനന്തപുരം ഇഞ്ചക്കൽ അടുത്തുവച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയും തുടർന്ന് വാഹനം പൊലീസിന്റെ സൈഫ് കസ്റ്റഡിയിൽ മാറ്റുകയുമായിരുന്നു.