തിരുവനന്തപുരം: പൊഴിയൂരില്‍ ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
പൊഴിയൂര്‍ പരുത്തിയൂര്‍ പുതുവല്‍വീട്ടില്‍ ഐബിന്‍സ്(34) കന്യാകുമാരി നിദ്രവിള കെ.ആര്‍.പുരത്തെ ശരത്പ്രിയന്‍(19) എന്നിവരെയാണ് പൊഴിയൂര്‍ സി.ഐ. സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയായ സാജന്‍ ഒളിവിലാണ്.
ഇക്കഴിഞ്ഞ ജൂലായിലാണ് ആണ്‍സുഹൃത്തിനൊപ്പം പൊഴിയൂര്‍ ബീച്ചിലെത്തിയ 20 വയസ്സുകാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് കേസെടുക്കുകയും രണ്ടുപ്രതികളെ പിടികൂടുകയുമായിരുന്നു.
ആണ്‍സുഹൃത്തിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയശേഷമാണ് മൂന്നുപേരും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ കണ്മുന്നിലിട്ടാണ് ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ചത്.
യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാണിച്ച് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തി. പ്രതികളോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ കാണിച്ച് നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പൊഴിയൂര്‍ പോലീസില്‍ പരാതി നല്‍കിയത്