തിരുവനന്തപുരം :വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഡിസംബർ 19 വരെ അപേക്ഷ സമർപ്പി ക്കാം. ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് സ്പെഷ്യൽ സമ്മറി റിവിഷൻ യോഗം കളക്ടറേറ്റിൽ ചേർന്നു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി സ്പെഷ്യൽ ക്യാമ്പയിൻ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നടക്കും. പതിനേഴോ അതിന് മുകളിലോ വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നതിനാൽ, ഈ അവസരം പ്രയോജനപ്പെടുത്തണം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്പെഷ്യൽ സമ്മറി റിവിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഇക്കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികളുമായി പങ്കുവയ്ക്കുന്നതിനുമാണ് യോഗം ചേർന്നത്. വോട്ടർപട്ടിക പുതുക്കൽ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി ഡിസംബർ മൂന്നിന് ബൂത്ത് ലെവൽ ഓഫിസർമാർ ബൂത്തുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സബിൻ സമീദ് , തഹസിൽദാർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.