തിരുവനന്തപുരം:ഡിസംബർ 15ന് കൊടിയേറുന്ന ബീമാപള്ളി ദർഗ്ഗാ ഷറീഫ് ഉറൂസിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ഉറൂസുമായി ബന്ധപ്പെട്ട് ബീമാപള്ളി ജമാഅത്ത് കമ്മിറ്റി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉറൂസ് മഹോത്സവം മികച്ച രീതിയിൽ നടത്തുന്നതിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഉത്സവമേഖലയിലേക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡുകളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി ഇതിനോടകം കെ.എസ്.ഇ.ബി പൂർത്തിയാക്കിയിട്ടുണ്ട്. പള്ളിയുടെ കിഴക്ക് ഭാഗത്ത് കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർദ്ദേശം നൽകി.
നഗരസഭയുടെ നേതൃത്വത്തിൽ ഉത്സവമേഖലയിലെ റോഡുകളും ഓടകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. തീരദേശത്തെക്കൂടി ഉൾപ്പെടുത്തി ശുചീകരണത്തിനായി നഗരസഭ പ്രത്യേക ഡ്രൈവ് നടത്തും. ഉറൂസിനെത്തുന്ന തീർത്ഥാടകർക്കായി ബയോ ടോയ്ലെറ്റ് സംവിധാനവും നഗരസഭ ഒരുക്കും.
വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉത്സവമേഖലയിൽ പ്രത്യേക കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉറൂസ് നടത്തുക. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഉറൂസ് ദിവസങ്ങളിൽ പ്രദേശത്ത് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും പ്രത്യേക പരിശോധനകൾ നടത്തും.
ഉറൂസിനെത്തുന്നവരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന് തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പോലീസ് എയ്ഡ് പോസ്റ്റും പട്രോളിങും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചുള്ള നിരീക്ഷണവും നടത്തും. ഉറൂസിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ലഹരിവിരുദ്ധ ക്യാമ്പയിനുകളും ഉത്സവമേഖലയിൽ എക്‌സൈസ് വകുപ്പിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത നിരീക്ഷണവും പരിശോധനയും ഉണ്ടാകും. ഉറൂസ് ദിവസങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തും. അഗ്‌നിസുരക്ഷാ സേന യൂണിറ്റും ഉത്സവമേഖലയിലുണ്ടാകും.
തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു, കൗൺസിലർമാരായ ജെ.സുധീർ, മിലാനി പെരേര, മുഹമ്മദ് ബഷീർ, ക്ലൈനസ് റൊസാരിയോ, സുജ ദേവി, ശരണ്യ എസ്.എസ്, ജനപ്രതിനിധികൾ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, ഡി.സി.പി നിധിൻരാജ് .പി, ബീമാപള്ളി ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് മാലാ മാഹിൻ സാഹിബ് , ജനറൽ സെക്രട്ടറി എ.ഷാജഹാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.