തിരുവനന്തപുരം: ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇന്‍സ്റ്റലേഷന്‍ കലാകാരന്‍ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃക തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്.
ഡിസംബര്‍ 5-ന് രാത്രി കനകക്കുന്നിലാണ് സൗജന്യ പ്രദര്‍ശനം. രാത്രി ഏഴ് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 4-വരെ കനകക്കുന്നിലെത്തുന്നവര്‍ക്ക് ചന്ദ്രനെ തൊട്ടടുത്ത് കാണാം.
തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിന്റെ ഭാഗമായ ‘മ്യൂസിയം ഒഫ് ദി മൂണ്‍’ എന്ന പരിപാടിയിലാണ് ചന്ദ്രന്റെ മാതൃക പ്രദര്‍ശിപ്പിക്കുക. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം എന്നതും പ്രത്യേകതയാണ്.
നാസയുടെ ലൂണാര്‍ റെക്ക നൈസന്‍സ് ഓര്‍ബിറ്റര്‍ കാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം ‘മ്യൂസിയം ഓഫ് ദി മൂണ്‍’ ഉണ്ടാക്കിയിട്ടുള്ളത്. ഇന്‍സ്റ്റലേഷന്റെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമായിരിക്കും.
മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ളതാണ് ഇന്‍സ്റ്റലേഷന്‍. 23 അടി വ്യാസമാണ് ഇന്‍സ്റ്റലേഷനുള്ളത്. ചന്ദ്രദര്‍ശനത്തിന്റെ സ്വാഭാവികത തോന്നാന്‍ പ്രത്യേക ലൈറ്റുകള്‍ ഉപയോഗിച്ച് നിലാവ് സൃഷ്ടിക്കും.
ചുറ്റുപാടും ഇരുട്ടാക്കും. സാധാരണ കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവവും ഇതിലൂടെ അടുത്തറിയാന്‍ സാധിക്കും. ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ ഡാന്‍ ജോണ്‍സ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദര്‍ശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുണ്ടാകും