തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്.
ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നാണ് ഷഹനയുടെ കുറിപ്പിലുള്ളത്. കഴിഞ്‍ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒപ്പം പഠിച്ചിരുന്ന ഒരു യുവ ഡോക്ടർക്കൊപ്പം ഷഹനയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ, വരന്റെ വീട്ടുകാർ ചോദിച്ച അത്രയും പണം നൽകാൻ കഴിയാതിരുന്നതിനാൽ വിവാഹം മുടങ്ങുന്ന സാഹചര്യം വന്നു. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണ് യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്ന് ഷഹനയുടെ ബന്ധുക്കൾ പറയുന്നു.
സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു.