Search
Close this search box.

അഞ്ചുതെങ്ങില്‍ ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നതിന് ശിപാര്‍ശ നല്‍കും: വനിതാ കമ്മിഷന്‍

IMG_20231206_184735_(1200_x_628_pixel)

തിരുവനന്തപുരം: മാനസികവും ബുദ്ധിപരവുമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ ലഭ്യമാക്കുന്നതിനുള്ള ബഡ്‌സ് സ്‌കൂള്‍ സംവിധാനം അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

തീരദേശ ക്യാമ്പിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി ഗൃഹസന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പരിചരണം നല്‍കുന്നതിനുള്ള പ്രത്യേകമായിട്ടുള്ള സംവിധാനങ്ങള്‍ അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ഇല്ല. ഇത്തരത്തിലുള്ള സംവിധാനത്തിന്റെ അനിവാര്യത അഞ്ചുതെങ്ങ് പഞ്ചായത്തിലുണ്ട്.

തീരദേശത്തെ ജനങ്ങളെ മറ്റു സ്ഥലത്തേക്ക് കൊണ്ടു പോയി പുനരധിവസിപ്പിക്കുക എന്നത് പ്രായോഗികമല്ല. തീരദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശിപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

മദ്യപാന ആസക്തിയുടെ ഭാഗമായാണ് മിക്കവാറും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ഒരു മാസക്കാലം ചികിത്സയില്‍ കഴിഞ്ഞ വനിതയെ സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. ഗാര്‍ഹിക പീഡനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഡിസംബര്‍ ഏഴിന് കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ തീരദേശ ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

മദ്യപാന ആസക്തിയുടെതായ പ്രശ്‌നങ്ങള്‍ തീരപ്രദേശത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ശിപാര്‍ശ ചെയ്യുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കിടപ്പുരോഗികളായവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ശയ്യാവലംബരായവര്‍ തുടങ്ങിയവരെ വീടുകളിലെത്തി സന്ദര്‍ശിച്ചു. ഒരു കുടുംബത്തില്‍ തന്നെ മൂന്നു മക്കളും മാനസിക വെല്ലുവിളി നേരിടുന്ന സ്ഥിതിയുണ്ട്. ഇവരില്‍ നിന്നെല്ലാം കാര്യങ്ങള്‍ നേരിട്ടു മനസിലാക്കാനും ആരോഗ്യപരിരക്ഷ അടക്കം സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രയോജനം അവര്‍ക്കു ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം നടത്തിയതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പൂത്തുറ തൈവിളാകം പീറ്റേഴ്‌സ് നിവാസില്‍ ക്ലീറ്റസ്-ബെല്‍സി ദമ്പതികളുടെ മക്കള്‍, ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നു കാല്‍ മുറിച്ചു മാറ്റിയ ഏഴാം വാര്‍ഡിലെ വലിയപള്ളി അന്നക്കുട്ടി, ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പള്ളിപ്പുരയിടം അല്‍ഫോണ്‍സിയ, വാര്‍ഡ് 11ല്‍ കുടിലില്‍ കഴിയുന്ന 104 വയസുള്ള മൂലക്കുടി ത്രേസി, പണ്ടകശാല ഫ്രാങ്ക്‌ളിന്‍-മര്‍ഗരീറ്റ ദമ്പതികളും മക്കളും, കാന്‍സര്‍ബാധിതയായ പണ്ടകശാല രാജം, പത്താം വാര്‍ഡിലെ കാന്‍സര്‍ബാധിതയായ സെല്‍വി എന്നിവരെയാണ് വസതിയിലെത്തി വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചത്. ഇതിനു പുറമേ പള്ളിപ്പുരയിടം അംഗന്‍വാടിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ച വനിത കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ലൂയിസ്, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അതുല്യ, അംഗന്‍വാടി അധ്യാപകരായ കനകലത, രജില എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തീരദേശത്തെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ എങ്ങനെയുള്ള ഇടപെടലാണ് നടത്തുന്നതെന്ന് ഏകോപന യോഗം ചേര്‍ന്നു വിലയിരുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!