Search
Close this search box.

കേരളം രാജ്യത്ത് ഒന്നാമത്: 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം

IMG_20230714_230739_(1200_x_628_pixel)

തിരുവനന്തപുരം: കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചു.

യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചത്.

രാജ്യത്ത് 114 റയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അവയില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.

കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ അടുത്തിടെ കേരളം ദേശീയ തലത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവില്‍ റെക്കോര്‍ഡിട്ടു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്‍’ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.

ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ക്ലീന്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നീ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും യാഥാര്‍ത്ഥ്യമാക്കി. ഇത് കൂടാതെയാണ് ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് ജങ്ഷന്‍, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വര്‍ക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് (സ്റ്റാറ്റിക്), റീട്ടെയില്‍ കം കാറ്ററിംഗ് സ്ഥാപനം (സ്റ്റാറ്റിക്), ഫുഡ് പ്ലാസ/ ഫുഡ് കോര്‍ട്ടുകള്‍/ റെസ്റ്റോറന്റുകള്‍ (സ്റ്റാറ്റിക്), പെറ്റി ഫുഡ് വെണ്ടര്‍മാര്‍/ സ്റ്റാളുകള്‍/ കിയോസ്‌കുകള്‍ (സ്റ്റാറ്റിക്/ മൊബൈല്‍), കൂടാതെ സ്റ്റേഷന്‍ യാര്‍ഡിലെ വെയര്‍ഹൗസ്, ബേസ് കിച്ചണ്‍ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. ഉറപ്പ് വരുത്തിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ പദ്ധതി പ്രകാരം സര്‍ട്ടിഫൈ ചെയ്യണമെങ്കില്‍ സ്റ്റേഷന്‍ കോംപ്ലക്‌സിലെ മുഴുവന്‍ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ. റജിസ്‌ട്രേഷന്‍/ ലൈസന്‍സ് നിര്‍ബന്ധമായും കരസ്ഥമാക്കിയിട്ടുണ്ടാവണം. കുടാതെ സ്റ്റേഷനിലെ സ്ഥാപനങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ എഫ്.എസ്.എസ്.എ.ഐ.യുടെ ഫോസ്റ്റാക് പരിശീലനം ലഭിച്ച സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടാവണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!