ശംഖുംമുഖം: ബീമാപള്ളി ഉറൂസിന് നാളെ കൊടിയേറും. രാവിലെ 11ന് ജമാഅത്ത് പ്രസിഡന്റ് പള്ളിമിനാരത്തിൽ കൊടി ഉയർത്തും.
രാവിലെ 8ന് ജവഹർപള്ളി ഇമാം നിസ്താർ മൗലവിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം പട്ടണപ്രദക്ഷിണം. ബീമാപള്ളി, ജോനക പൂന്തുറ, മാണിക്യവിളാകം വഴി 10.30ഓടെ ബീമാപള്ളിയിൽ തിരിച്ചെത്തും.
ചീഫ് ഇമാം സെയ്യിദ് നജുമുദീൻ പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥന. ഇതിനുശേഷം കൊടിമരത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇരുവർണ്ണ ഉറൂസ് പതാക ഉയർത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് മഹാമത്തിന് തുടക്കമാകും.
തുടർന്നുള്ള പത്ത് ദിവസങ്ങളിൽ രാത്രി 10 മുതൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മതപ്രഭാഷണങ്ങൾ നടക്കും. ഉറൂസിനോടനുബന്ധിച്ച് നാളെ നഗരത്തിൽ പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക സർവീസുകളും നടത്തും.