തിരുവനന്തപുരം : നവകേരള സദസ്സിന് ബുധനാഴ്ച ജില്ലയിൽ തുടക്കമാവും. വർക്കലയിലാണ് ആദ്യ സദസ്സ്.
ചിറയിൻകീഴ് ശാർക്കര ക്ഷേത്രപ്പറമ്പിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വിവാദമായതോടെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലേക്ക് മാറ്റി.
ബുധനാഴ്ച വൈകീട്ട് ആറിന് വർക്കല മണ്ഡലത്തിൽ ആദ്യ നവകേരള സദസ്സ് നടക്കും. വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദി.
വ്യാഴാഴ്ച രാവിലെ ഒൻപതിന് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലാണ് ജില്ലയിലെ ആദ്യ പ്രഭാതയോഗം. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വികസന ആശയങ്ങൾ സംവദിക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കും. തുടർന്ന് നാല് മണ്ഡലങ്ങളിലെ പൊതുസമ്മേളനങ്ങളും നടക്കും.
വെള്ളിയാഴ്ച കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഈ മണ്ഡലങ്ങളിലെ പൊതുസമ്മേളനങ്ങളും നടക്കും.
സമാപനദിവസമായ ശനിയാഴ്ച കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് നവകേരള സദസ്സ്. രാവിലെ ഒൻപതിന് ഈ മണ്ഡലങ്ങളുടെ പ്രഭാതയോഗം ഇടപ്പഴഞ്ഞി ആർ.ഡി.ആർ. കൺവെൻഷൻ സെന്ററിൽ നടക്കും.
തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്തസദസ്സോടെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല സന്ദർശനം സമാപിക്കുന്നത്.
ജില്ലയിൽ 14 മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. പ്രഭാതയോഗങ്ങൾക്കും നവകേരള സദസ്സിനുമുള്ള വേദികളുടെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. പൊതുജനങ്ങൾക്ക് നിവേദനം നൽകുന്നതിനായി കൗണ്ടറുകളുണ്ടാകും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും ഉണ്ടാകും.