Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം, 8 പ്രതികൾക്ക് 30 വർഷം തടവ്

IMG_20231219_153611_(1200_x_628_pixel)

തിരുവനന്തപുരം : ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ(52) വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ ചെല്ല പെരുമാൾ പിള്ള മകൻ കടച്ചിൽ അനി എന്നു വിളിക്കുന്ന അനിൽകുമാറിനെ ജീവപര്യന്തം കഠിന തടവിനും 16,22,500 രൂപ പിഴയും ഒടുക്കണമെന്ന് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ ശിക്ഷ വിധിച്ചു.

ജീവപര്യന്തം കഠിന തടവിനു പുറമേ നിയമവിരൂദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്ക് 30 വർഷം അധിക തടവ് അനുഭവിക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കണം.

കേസിലെ കൂട്ടുപ്രതികളായ 2 മുതൽ 9 വരെ പ്രതികൾക്ക് നിയമവിരൂദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്ക് 30 വർഷം വീതം കഠിനതടവും 1,22,500 രൂപ വീതം പിഴയും ഒടുക്കണം.

പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക മരണപ്പെട്ട അയ്യപ്പനാചാരിയുടെ ആശ്രിതർക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കൊല്ലപ്പെട്ട അയ്യപ്പൻ ആശാരിയുടെയും സഹോദരൻ രാജഗോപാൽ ആചാരിയുടെയും ആശ്രിതർക്ക് ലീഗൽ സർവീസ് അതോറിറ്റി യിലൂടെ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ,  അഡ്വ. അഖിലാ ലാൽ, അഡ്വ.ദേവികാ മധു എന്നിവർ ഹാജരായി.

കമലേശ്വരം ബലവാൻ നഗറിൽ ചെല്ല പെരുമാൾപിള്ള മകൻ കടച്ചിൽ അനി എന്ന് വിളിക്കുന്ന അനിൽകുമാർ(45), മണക്കാട് കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ താമസം സുബ്ബയാപിള്ള മകൻ ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ(41), സുനിയുടെ സഹോദരൻ അനിൽ എന്ന് വിളിക്കുന്ന അനിൽകുമാർ(45), കഞ്ഞിപ്പുര തോപ്പുവിളാകം വീട്ടിൽ ചന്ദ്രൻ മകൻ മനോജ്(38), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ കൃഷ്ണൻ കുട്ടി മകൻ ഉണ്ണി(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ നാരായണപിള്ള മകൻ ഗോവർദ്ധൻ എന്ന് വിളിക്കുന്ന സതീഷ് കുമാർ(43),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ശ്രീകണ്ഠൻ നായർ മകൻ പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ തോപ്പുവിളാകം വീട്ടിൽ ചന്ദ്രൻ മകൻ സന്തോഷ്(42),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ചന്ദ്രൻ മകൻ ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്(38), എന്നിവരാണ് ഒന്നു മുതൽ 9 വരെ പ്രതികൾ.

19 പ്രതികളുണ്ടായിരുന്ന കേസ്സിൽ വിചാരണ ആരംഭിച്ചത് 19 വർഷങ്ങൾക്ക് ശേഷമാണ്.വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ കളിപ്പാൻകുളം കഞ്ഞിപ്പുര നിവാസികളായ ശ്രീകണ്ഠൻ നായർ മകൻ സനോജ്, സുലോചനൻ നായർ മകൻ പ്രകാശ്, ചന്ദ്രൻ മകൻ സുരേഷ് എന്നിവർ മരണപ്പെട്ടു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ഏഴ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

 

2004 ആഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാൽ മേടമുക്ക് മുത്താരമ്മൻ കോവിലിന് സമീപം അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്.ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്ത പൂക്കളത്തിന് പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണക്കാട് സ്പാൻ ആശുപത്രിക്ക് സമീപം പൂക്കട നടത്തിയിരുന്ന പൂക്കട രാജേന്ദ്രൻ എന്നയാളിൻ്റെ കടയില്‍ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷും സുഹൃത്ത് കുതിരസനൽ എന്നു വിളിക്കുന്ന സനലും പൂക്കള്‍ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തുകെണ്ട് രാജേന്ദ്രന്റെ സുഹൃത്ത് കേസിലെ ഒന്നാം പ്രതി കടച്ചല്‍ അനി എന്ന അനിയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് സതീഷിനെ ആക്രമിക്കുകയും,ആര്‍. എസ്. എസ് നേതാവ് രാജഗോപാല്‍ ആശാരിയുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും,രാജഗോപാല്‍ ആശാരിയേയും സഹോദരപുത്രന്‍മാരായ സതീഷ്,രാജേഷ് എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, ആക്രമണം തടയാൻ ശ്രമിച്ച രാജഗോപാല്‍ ആശാരിയുടെ സഹോദരന്‍ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു.

 

കേസിലെ നിര്‍ണ്ണായക ദൃക് സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ രാജഗോപാല്‍ ആശാരിയും, ഭാര്യ സരസ്വതിയും വിചാരണക്ക് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മറ്റൊരു ദൃക്സാക്ഷിയായ രാജഗോപാല്‍ ആശാരിയുടെ മകളും സംഭവ സമയം 12 വയസ് പ്രായമുണ്ടായിരുന്ന പ്രിയയുടെ മൊഴിയാണ് കേസ്സിൽ നിർണ്ണായക തെളിവായത്. സംഭവത്തിൽ പരിക്കേറ്റ അയ്യപ്പനാശാരിയുടെ മകൻ സതീഷ്, രാജേഷ് എന്നിവർ കേസിലെ എല്ലാ പ്രതികളേയും അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.

 

അയ്യപ്പനാശാരിയുടെ മരണത്തിന് ഇടയാക്കിയ മുറിവ് ഉണ്ടാക്കാന്‍ ഒന്നാം പ്രതി കടച്ചല്‍ അനി ഉപയോഗിച്ച് വാള്‍ മുന്‍ ഫോറന്‍സിക് വിദഗ്ദ ഡോ.ശശികല കോടതിയില്‍ തിരിച്ചറിഞ്ഞു.

 

അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ എഫ്.ഐ.ആർ രജിസ്ട്രർ ചെയ്ത പോലീസ് അഡീഷണൽ സബ് ഇൻസ്പക്ടറും,ദൃക്സാക്ഷിയായെത്തിയ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ അയ്യപ്പനും വിചാരണ വേളയിൽ കൂറുമാറിയിരുന്നു. അയ്യപ്പനാശാരിയുടെ സഹോദരൻ രാജഗോപാലിൻ്റെ പ്രഥമ വിവര മൊഴി രേഖപ്പെടുത്തിയത് അന്നത്തെ ഫോർട്ട് പോലീസ് എ. എസ്.ഐ.ശ്രീധരൻ നായരായിരുന്നു. വിചാരണ വേളയിൽ പരസ്പര വിരുദ്ധമായി മൊഴി നൽകി പ്രതികള്‍ക്ക് അനുകൂലമായി കുറുമാറുകയായിരുന്നു. രാജഗോപാലിന്റെ ഉറ്റ സുഹൃത്തും ആറ്റുകാല്‍ സ്വദേശിയുമായ ഒട്ടോ റിക്ഷ ഡ്രൈവര്‍ അയ്യപ്പൻ താന്‍ രാജഗോപാലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇരുട്ടായിരുന്നതിനാല്‍ സംഭവങ്ങള്‍ നേരിട്ട് കാണാന്‍ പറ്റിയില്ലെന്ന്് പറഞ്ഞ് കോടതിയില്‍ മൊഴി നല്‍കി കൂറുമാറുകയായിരുന്നു.

 

28 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.82 രേഖകളും 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. മൂന്ന് സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചിരുന്നു. ഫോർട്ട് പോലീസ് സർക്കിൾ ഇൻസ്പക്ടറായും തുടർന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജിയായി വിരമിച്ച റ്റി.എഫ്.സേവ്യർ.ഐ.പി.എസ് ആണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

7 പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!