തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി.
തിങ്കളാഴ്ച രാത്രി 7.45ന് ലഭിച്ച ആറ് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിന് ജോനാഥന്‍ എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്ത സംഭവത്തിൽ ഒന്നാമത്തെ ഹീറോ കുട്ടിയുടെ സഹോദരൻ ജോനാഥൻ ആയിരുന്നു.
ഡിസംബർ മാസത്തിൽ ലഭിച്ച ആദ്യത്തെ കുഞ്ഞും കഴിഞ്ഞ രണ്ടു മാസങ്ങളിലായി തിരുവനന്തപുരത്ത് ലഭിച്ച അഞ്ചാമത്തെ കുട്ടിയുമാണ് ഇന്നലെ എത്തിയത്.
രണ്ടര കിലോഗ്രാം ഭാരവമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരുമെത്തി.
ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞിനെ ആരോഗ്യ പരിശോധനകൾക്കായി തിരുവനന്തപുരം തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച ശേഷം ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരിക്കുകയാണ്.