തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഒരു കോടി 18 ലക്ഷം രൂപ വിലയുള്ള രണ്ടുകിലോ സ്വര്‍ണം പിടികൂടി.
വിമാനത്തിന്റെ സീറ്റിനടിയില്‍ മറച്ചുവെച്ചും യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണം കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്്‌സ്പ്രസ് വിമാനത്തിന്റെ 28-ഡി എന്ന സീറ്റിനടിയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.ഇത് കൊണ്ടുവന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
കുഴമ്പുരൂപത്തിലുള്ള ഒന്നര കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയിലൂടെ കണ്ടെടുത്തത്. ഏകദേശം 70 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരനില്‍നിന്ന് 48 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പിടികൂടി.
കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിഹാബ്ദിനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണത്തെ കുഴമ്പുരൂപത്തിലാക്കിയശേഷം മൂന്ന് ക്യാപ്സൂളുകളിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രണ്ടു സംഭവങ്ങളിലും കസ്റ്റംസ് കേസെടുത്തു