തിരുവനന്തപുരം: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ആറു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും.
വിളപ്പിൽശാല സ്വദേശിയായ 39കാരനാണ് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അഞ്ച് മാസം അധിക തടവു കൂടി അനുഭവിക്കണം.
2018 ഫെബ്രുവരി 20ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സമീപത്ത് ഉറങ്ങിയ പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടി അമ്മയെ വിവരം അറിയിച്ചു. തുടര്‍ന്ന് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകി. മുൻപും പല തവണ പ്രതി ഇത്തരം കൃത്യം ചെയ്യുന്നതിന് ശ്രമിച്ചിരുന്നതായി അതിജീവിത കോടതിയിൽ മൊഴി നൽകി.
അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രേസിക്യൂട്ടർ ഡി ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകൾ കോടതിയിൽ ഹാജരാക്കി. വിളപ്പിൽശാല സബ് ഇൻസ്പെക്ടർ കെ കണ്ണൻ, വി ഷിബു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.