തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കെ-സ്മാർട്ട് മുഖേന ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ ആരംഭിച്ചു.
കുഞ്ഞ് ജനിച്ച് പത്ത് മിനിറ്റിനുള്ളിൽ തയ്യാറായ ജനന സർട്ടിഫിക്കറ്റ് മേയർ ആര്യാ രാജേന്ദ്രൻ ബന്ധുക്കൾക്ക് കൈമാറിയാണ് തുടക്കംകുറിച്ചത്.
കിംസ് ആശുപത്രിയിൽ ശനിയാഴ്ച കൊല്ലം കരുകോൺ സ്വദേശികളായ നൗഫൽ-ഷബ്‌ന ദമ്പതിമാർക്ക് ജനിച്ച ആൺകുട്ടിയുടെ ജനനമാണ് കെ-സ്മാർട്ട് മുഖാന്തരം ആദ്യമായി രജിസ്റ്റർ ചെയ്തത്.
ജനനം നടന്ന് അൽപ്പസമയത്തിനകംതന്നെ ആശുപത്രി കിയോസ്‌ക് മുഖേന ഓൺലൈൻ റിപ്പോർട്ട് കെ-സ്മാർട്ട് പോർട്ടലിൽ രേഖപ്പെടുത്തി.
റിപ്പോർട്ട് ലഭിച്ച് 10 മിനിറ്റിനകംതന്നെ പരിശോധിച്ച് ജനനം രജിസ്റ്റർചെയ്തു. കുട്ടിക്ക് സഹാൻ ഐബക്ക് ബിൻ നൗഫൽ എന്ന പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് മേയർ ആശുപത്രിയിൽ എത്തിയാണ് മാതാപിതാക്കൾക്ക് കൈമാറിയത്.