ആര്യങ്കോട്: സൈക്കിൾ ചവിട്ടുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്കു വീണ് മൂന്നാം ക്ലാസുകാരൻ മരിച്ചു.
പേരെയ്കോണം വിയ്യകോണം എലിവാലൻകോണം കാർത്തികയിൽ താമസിക്കുന്ന ഷാനി സ്റ്റീഫന്റെ മകൻ സഞ്ജയ് (8) ആണ് മരിച്ചത്.
ചെമ്പൂര് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്.
വീടിനടുത്തുള്ള പള്ളി കോമ്പൗണ്ടിലെ പൊട്ടക്കിണറ്റിലേക്കു തെറിച്ചുവീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സൈക്കിളും കിണറ്റിലേക്കു പതിച്ചിട്ടുണ്ട്.
സ്കൂൾവിട്ട് വീട്ടിലെത്തിയ സഞ്ജയ് സമീപത്തെ പള്ളിയുടെ കോമ്പൗണ്ടിൽ സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണംവിട്ട് ആൾമറയില്ലാത്ത ആഴമുള്ള പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു.
കുട്ടിയെ കാണാതായതിനെത്തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ വീണത് ശ്രദ്ധയിൽപ്പെട്ടത്. ആര്യങ്കോട് പോലീസും അഗ്നിരക്ഷാസേനയും എത്തി കിണറ്റിൽനിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.